Playstore Icon
Download Jar App
Financial Education

നിങ്ങളുടെ കുട്ടികളെ പണത്തെക്കുറിച്ചു ബോധവൽക്കരിക്കാനുള്ള ഒരു സംഭാഷണം എങ്ങനെ തുടങ്ങാം

December 22, 2022

നിങ്ങളുടെ കുട്ടികളെ പണത്തെക്കുറിച്ചു ബോധവാന്മാരാക്കാനും അവരുടെ സാമ്പത്തിക സാക്ഷരതയ്ക്ക് ദൃഢമായ അടിത്തറ പാകാനും സഹായിക്കുന്ന സാമ്പത്തികപരമായ വിഷയങ്ങളും പ്രവൃത്തികളും.

കൃത്യസമയത്ത് ബില്ലുകളും നികുതികളും എങ്ങനെ അടയ്ക്കണമെന്ന് ചെറുപ്പമായിരുന്നപ്പോൾ തന്നെ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ!

ഈ ചിന്ത ഒരിക്കലെങ്കിലും നിങ്ങളുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടോ ? ബജറ്റിങ്, സമ്പാദ്യം, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപം, പണയം, ശമ്പളം സംബന്ധിച്ച വിലപേശൽ, വിരമിക്കുമ്പോൾ വേണ്ട സമ്പാദ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ ?  

ഇത് വായിക്കുമ്പോൾ നിങ്ങളുടെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ പണത്തെക്കുറിച്ചു ബോധവാന്മാരാക്കുന്നതിന്റെ ആവശ്യകത നിങ്ങൾക്ക് മനസിലാകും.  

നിങ്ങളെ കണ്ടാണ് കുട്ടികൾ വളരുന്നത്. ദയയും സഹാനുഭൂതിയും മാത്രമല്ല അവരെ സ്വാധീനിക്കുന്നത്. നിങ്ങൾ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും അവർ കാണുന്നുണ്ട്. 

എന്നിട്ടും പണം എന്നത് വേണ്ട സമയത്തോ വേണ്ട രീതിയിലോ പഠിപ്പിക്കുന്ന ഒരു വിഷയമല്ല. അത് കൊണ്ട് തന്നെ വരും തലമുറ ഇക്കാര്യത്തിൽ പലപ്പോഴും അജ്ഞരാണ്. 

ഇതിനു പല കാരണങ്ങളുണ്ട്:  

  • ഈ വിഷയം കുട്ടികളെ പിടിച്ചിരുത്തുന്ന രീതിയിൽ ആകർഷകമായി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് രക്ഷകർത്താക്കൾ കരുതുന്നു.  

  • ഇതെന്തോ വിലക്കപ്പെട്ട കാര്യമാണെന്ന തോന്നൽ.  

  • വിഷയത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ തന്നെ അറിവില്ലായ്മ.  

  • ഇത്തരം പാഠങ്ങൾ നൽകാൻ മാത്രം മെച്ചപ്പെട്ട സാമ്പത്തിക സ്‌ഥിതി അല്ല തങ്ങളുടേതെന്ന ചിന്ത.  

 കുട്ടികളുമായി പണത്തെക്കുറിച്ചു കൃത്യമായ സംഭാഷണങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. 

‍ഇത്തരം സംഭാഷങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക പ്രായമൊന്നുമില്ല. എത്രയും പെട്ടെന്ന് തുടങ്ങുന്നോ അത്രയും മികച്ച സാമ്പത്തിക ശീലങ്ങൾ നിങ്ങളുടെ കുട്ടികളിൽ സൃഷ്ടിക്കാൻ കഴിയും. 

അവരുടെ സാമ്പത്തിക സാക്ഷരതയ്ക്ക് സഹായമാകുന്ന രീതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ചു തരം തിരിച്ച ചില സാമ്പത്തിക വിഷയങ്ങളും പ്രവൃത്തി പരിചയങ്ങളും ഇതാ  : 

 

3 വയസ് മുതൽ 7 വയസ് വരെയുള്ള കുട്ടികളെ എങ്ങനെ പണത്തെക്കുറിച്ചു പഠിപ്പിക്കാം   

 

  • നാണയങ്ങളിൽ തുടങ്ങാം : കുട്ടികളോടൊപ്പം നാണയങ്ങൾ എണ്ണാൻ  അല്പം സമയം ചെലവഴിക്കാം. പല തരം നാണയങ്ങളുടെയും തുകകളുടേയും അർത്ഥം അവരെ പഠിപ്പിക്കാം. ഓരോ നാണയത്തിന്റെയും മൂല്യവും എങ്ങനെ അത് കണക്കിൽ ഉപയോഗിക്കുന്നു എന്നതും മനസിലാക്കാൻ സഹായിക്കാം 

 

  • പിഗ്ഗി ബാങ്ക് നിക്ഷേപങ്ങൾ : ചില്ലറ കണ്ടെത്തുന്നത് ഒരു വിനോദമാക്കി മാറ്റുക. ഇടയ്ക്ക് ചെറിയ ചെറിയ  തുകകൾ നൽകുക. നമ്മുടെ അലമാരിയിൽ തന്നെ പതിയെ വളർന്നു വരുന്ന ഒരു കൊച്ചു ബാങ്ക് ഉള്ളത് പണം എങ്ങനെ മിച്ചം സൂക്ഷിക്കണം എന്ന് അവരെ പഠിപ്പിക്കും. 

 

  • ആവശ്യങ്ങളും ആഗ്രഹങ്ങളും : വേണ്ട എന്ന് പറയാൻ പഠിപ്പിക്കുക. കുട്ടികൾ ആവശ്യപ്പെടുന്നത് നൽകാതിരിക്കുമ്പോൾ അവർ പിണങ്ങിയാൽ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം അവരെ പറഞ്ഞു മനസിലാക്കിക്കുക. അവരെ പിണക്കാൻ അല്ല ‘വേണ്ട’ എന്ന് പറഞ്ഞെതെന്നും ആ പറഞ്ഞ സാധനം അവർക്കാവശ്യമില്ലാത്തതായത് കാരണമാണെന്നും അവരെ ബോധ്യപ്പെടുത്തുക. 

 

  • ചെടികൾ വളർത്താൻ പഠിപ്പിക്കുക: പൂന്തോട്ടത്തിന്റെ ചെറിയൊരു ഭാഗത്തിന്റെയോ അല്ലെങ്കിൽ ഒരു ചെടിയുടെയോ  ഉത്തരവാദിത്തം കുട്ടികളെ ഏൽപ്പിക്കുക. നമ്മൾ ശ്രദ്ധയും പരിപാലനവും നൽകിയാൽ എന്താണ് സംഭവിക്കുക എന്ന് ഇത് അവരെ കാണിച്ചു കൊടുക്കും. സമ്പാദ്യത്തിന്റെയും നിക്ഷേപ ശീലത്തിന്റെയും കാര്യവും ഇതേ പോലെ തന്നെയാണ്. 

 

7 വയസ് മുതൽ 11 വയസ് വരെയുള്ള കുട്ടികളെ എങ്ങനെ പണത്തെക്കുറിച്ചു പഠിപ്പിക്കാം 

 

  • അവരുടെ ആഗ്രഹങ്ങളിൽ നിന്നും കല സൃഷ്ടിക്കാൻ ശ്രമിക്കുക : അവർ വാങ്ങിക്കാൻ ആഗ്രഹിക്കുന്ന വസ്തുവിന്റെ ചിത്രമോ പെയിന്റിംഗോ അല്ലെങ്കിൽ കോളാഷോഅവരോടുതന്നെ ഉണ്ടാക്കാൻ പറയുക. ആ കലാസൃഷ്ടികളിൽ ഉള്ള ഏതെങ്കിലും വസ്തു വാങ്ങിക്കുവാൻ വേണ്ടി പണം മിച്ചം സൂക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും സുഖം ഇതവരെ മനസിലാക്കിക്കും. പെട്ടെന്നുള്ള ത്വരയിൽ വാങ്ങുന്നതിനേക്കാൾ നല്ലത് അതിനായി പണിപ്പെട്ട് കാത്തിരുന്ന് സ്വന്തമാക്കുന്നതാണെന്ന് നിങ്ങളുടെ കുട്ടി തിരിച്ചറിയും. 

 

  • സൂപ്പർമാർക്കറ്റ് സന്ദർശനങ്ങൾ രസകരമാക്കുക : കുട്ടികൾക്ക് ഒരു ബജറ്റ് നിഷ്‌കർഷിച്ച ശേഷം അവരോട് ഒരു ലിസ്റ്റിൽ ഉള്ള സാധനങ്ങൾ ആഴ്ച തോറും ബജറ്റിൽ നിന്ന് കൊണ്ട് തന്നെ വാങ്ങാൻ എങ്ങനെ കഴിയുമെന്ന് കണ്ടെത്താൻ ആവശ്യപ്പെടുക. 

 

  • അവരോടൊപ്പം സിമുലേഷൻ ഗെയിമുകൾ കളിക്കുക : സിംസ്, മൊണോപ്പൊളി തുടങ്ങിയ സിമുലേഷൻ ഗെയിമുകൾ അവരെ കടുത്ത സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് എങ്ങനെ എന്ന് പഠിക്കാൻ സഹായിക്കും. 

 

11 വയസ് മുതൽ 13  വയസ് വരെയുള്ള കുട്ടികളെ എങ്ങനെ പണത്തെക്കുറിച്ചു  പഠിപ്പിക്കാം 

 

  • ബാങ്കിലേക്ക് അവരെ ഒപ്പം കൂട്ടുക : നിങ്ങളുടെ ബാങ്കിൽ കുട്ടികൾക്കായി ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുക. പല ബാങ്കുകളും കുട്ടികൾക്കായി നിങ്ങളുടെ പേരിൽ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന തരം സേവിങ്സ് അക്കൗണ്ടുകൾ  ലഭ്യമാക്കുന്നുണ്ട്. അതുമല്ലെങ്കിൽ കുട്ടികളെ പണം കൈകാര്യം ചെയ്യാനുള്ള രീതികൾ പഠിപ്പിക്കാനുള്ള വിർച്വൽ ബാങ്ക് സേവനങ്ങളുമുണ്ട്. അവരുടെ അക്കൗണ്ട് നിത്യേന എങ്ങനെ കൈകാര്യം ചെയ്യണമെന്ന്  പഠിപ്പിക്കുക  . 

 

  • കൂട്ടുപലിശയുടെ മാന്ത്രികത അവരെ പഠിപ്പിക്കുക : കൂട്ടുപലിശ നൽകുന്ന ഏതെങ്കിലും അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ എന്ത് കൊണ്ട് അതിൽ പണമിട്ടുവെന്നും അതിൽ നിന്നും എങ്ങനെ പണം നിങ്ങൾക്ക് ലഭിക്കുമെന്നും അവരെ കാണിച്ചു കൊടുക്കുക. ആ പണം കൊണ്ട് നിങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണെന്നും, ഒടുവിൽ എത്ര പണം നിങ്ങൾക്ക് അതിൽ നിന്നും ലഭിക്കുമെന്നുമുള്ള കണക്കുകൾ അവരെ മനസിലാക്കിക്കുക. അവരുടെ അക്കൗണ്ട് നിത്യേന എങ്ങനെ കൈകാര്യം ചെയ്യണമെന്ന്  പഠിപ്പിക്കുക. 

 

  • ക്രെഡിറ്റ് കാർഡുകൾ പണമല്ല : പല ക്രെഡിറ്റ് കാർഡ് കമ്പനികളും 13 വയസ് മുതലുള്ള കുട്ടികളെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ഇത് വരെ നിങ്ങൾ ചെയ്തിട്ടില്ലെങ്കിൽ, ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കണം എന്ന് കുട്ടികളെ ഇപ്പോൾ തന്നെ പഠിപ്പിക്കൂ. എന്ത് കൊണ്ടാണ് ആളുകൾ പണത്തിനു പകരം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്?  എപ്പോഴാണ് അത് ഉപയോഗിക്കേണ്ടത്? നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ അംഗീകരിക്കപ്പെട്ട ഉപഭോക്താവായി കുട്ടികളെ ചേർക്കുന്നതിന് മുന്നേ ഇത്തരം കാര്യങ്ങൾ അവരെ പഠിപ്പിച്ചിരിക്കണം. 

 

പണം എങ്ങനെ മിച്ചം സൂക്ഷിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് ആദ്യം തോന്നുമെങ്കിലും ഈ പ്രവൃത്തികൾ ചെയ്താൽ നിങ്ങളുടെ കുട്ടികളുടെ പണത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ആസ്വാദ്യവും അഭികാമ്യവുമാക്കാം. 

ഭാവിയിൽ വലിയ നേട്ടം കൊയ്തു തരുന്ന ഒരു അറിവാണിത്. അവരുടെ ഭാവിക്ക് ശക്തമായ ഒരു അടിത്തറയും. 

ഓർക്കുക, പണത്തെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന രീതി ഏതുമാകട്ടെ, ആ സംഭാഷണം തുടങ്ങി വയ്ക്കുക എന്നതാണ് പ്രധാനം. 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.